ചാർജ്ജു തീർന്ന് പെട്ടെന്നു ഫോൺ ഓഫായപ്പോൾ ഫെയ്സ്ബുക്കിൽ കൂട്ടുകാരോടു കത്തിയടിച്ചിരുന്ന വിവേകിന്റെ തലമണ്ടക്കൊന്നു കൊടുത്ത്, അമ്പരന്നിരിക്കുന്ന അവന്റെ കൈ പിടിച്ച് ഒരു ഡാൻസ് കളിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. നിങ്ങൾ തോൽക്കാറുണ്ട്, പേടിച്ചു വിറയ്ക്കാറുണ്ട്, പെണ്ണുങ്ങളെപ്പോലെ കരയാറുണ്ട്… പെണ്ണു ശക്തയാണ്, ഏതൊരു പുരുഷനേക്കാളും… എന്നൊക്കെ പ്രസംഗിക്കണമെന്നുണ്ടായിരുന്നു. അതാണവൾ ആർത്തുചിരിച്ചത്. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി വിവേകിന്റെ അടുത്തേയ്ക്കു പോകാനൊരുങ്ങുമ്പോൾ ചാർജറിലിട്ട മൊബൈൽ വീണ്ടും ശബ്ദിച്ചു. ചെറിയൊരു കുറ്റപ്പേറ്റുത്തലോടെയുള്ള ഡോ:നിദാജാസ്മിന്റെ തുടർന്നുള്ള സംസാരം കേട്ടപ്പോൾ ജയിച്ചുവോ തോറ്റുവോ എന്നു തീർച്ചയില്ലാത്ത രണങ്കണത്തിൽ വെറുതെ ആയുധവും കൊൺറ്റു നിൽക്കേണ്ടി വന്നു അവൾക്ക്. പണ്ട് കലിംഗയുദ്ധം കഴിഞ്ഞ് മാനസാന്തരം വന്ന അശോകചക്രവർത്തിയെപ്പോലെ പുതിയ വീക്ഷണകോണിലെ സമത്വസ്വപനസാക്ഷാത്കാരത്തിന്റെ പാരമ്യതയിൽ ചോരതുള്ളികൾ ഇറ്റുവീണു പരക്കുന്ന വെറുമൊരു വെള്ളപാത്രമാവാനായിരുന്നു അവളുടെ വിധി. കെട്ടിവെച്ച മുടി വീണ്ടും അഴിഞ്ഞുലഞ്ഞ്.
ഭ്രാന്തൻ സ്വപ്നങ്ങൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതലത്തിൽ സാക്ഷാത്കരിക്കപ്പെട്ട സന്തോഷം വെളുത്ത മുണ്ടിനു പിറകിൽ കണ്ട ചുവന്ന അടയാളങ്ങളിൽ തട്ടി വിസരിക്കുന്നു. ഒരു ചുവന്ന വലിയ മേഘം അപ്പാടെ അടർന്നു വീണു മനസിന്റെ ഭാരം കൂട്ടുന്നു. ചുവന്ന മിണല്പിണരുകൾ കാണാതെ കാണാനാവുന്നു.
ഇത്രയും കാലം പുരുഷ്വവിദ്വേഷം പറഞ്ഞു നടന്നിരുന്ന സിയ ഒരൊറ്റ ഫോൺ കോൾ കൊണ്ട് പുരുഷപക്ഷക്കാരിയായി എന്നു പറയാവില്ല. എങ്കിലും അവളുടെയുള്ളിൽ അവൾക്കെതിരെ ഒരു പുരുഷപക്ഷക്കാരി ഉണർന്നിരിക്കുന്നു. പരുക്കൻ ശബ്ദത്തിലുള്ള ആ അപരിചയുടെ താക്കീതിന്റെ കനത്തിൽ അവളുടെ ചിരിയലകൾ ചരഞ്ഞലഞ്ഞു.
പലരും സംശയിച്ചേക്കാവുന്ന തരത്തിൽ കുട്ടിക്കാലത്തെ ഒരു പീഡനാനുഭവം കൊണ്ടോ മറ്റോ ആയിരുന്നില്ല അവൾ പുരുഷവിരോധിയായിത്തീർന്നത്. കായികബലം കൊണ്ടു തന്റെ കളിപ്പാട്ടങ്ങൾ തട്ടിയെടുത്ത് വിജയമാഘോഷിച്ചു ആർത്തുചിരിക്കാറുള്ള രണ്ടുവയസിനു മൂത്ത ഏട്ടനോടു തോന്നിയ അമർഷം. അതായിരുന്നു തുടക്കം. ആൺകുഞ്ഞാണെന്ന പരിഗണന നൽകി അച്ഛനുമമ്മയും അവനു നൽകിയ അസൂയാവഹമായ സ്വാത്രന്ത്യത്തിന്റെ കൊതിപ്പിക്കുന്ന വർണ്ണങ്ങൾ.. അവന്റെ പൊട്ടാത്ത പട്ടത്തോടുള്ള രോഷം… പത്തുപതിമൂന്നു വയസുവരെ അവളുടെ പാവാടതുമ്പിന്റെ മൃദുലാളനയേറ്റും പാദസരങ്ങളുടെ കിലുക്കം കേട്ടും ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്ന കളിക്കളങ്ങൾ ഒരു വേനൽപ്പുരയിൽ എന്നന്നേയ്ക്കുമായ് പിണങ്ങിപ്പോയപ്പോഴുണ്ടായ കരൾനുറുങ്ങുന്ന വേദന. അഞ്ജന തൈലത്തിന്റെ ഗന്ധമുള്ള നീണ്ട മുടി കാവി തേച്ച നിലത്തു പരത്തിയിട്ടു കിടന്നു വാരികകൾ വായിക്കാറുള്ള വീണചേച്ചിയെ സോപ്പിട്ട് കട്ടുവായിക്കുന്ന നോവലുകളിലെ ചതിക്കപപ്പെട്ടും പീഢിതരായും കണ്ണീർകുടിച്ചു ജീവിക്കുന്ന നായികമാരോടു തോന്നിയ സഹതാപം.സ്ക്കൂളിൽ പോകുമ്പോൾ ഓവുപാലത്തിന്റെ മുകളിൽ വരയോന്തുകളെപ്പോലെ തലയും നീട്ടിയിരുന്ന് വില കുറഞ്ഞ തമാശകൾ പറഞ്ഞു കളിയാക്കിച്ചിരിക്കുന്ന വർഗ്ഗത്തിനോടുള്ള ദ്യേഷ്യം. ‘ഓന്തു സംഘം’ എന്നാണാദ്യം അവറ്റയെ വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് ദൂരെ മറഞ്ഞിരുന്ന് ഓന്തുകൾ പൊക്കിളിലെ ചോരയൂറ്റി കുടിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. ഇലപ്പടർപ്പുകളിലും മതിലുകളിലുമൊക്കെ അനങ്ങാതിരുന്ന് അവ തൊണ്ടയനക്കുമ്പോൾ പൊക്കിൾ പൊത്തിപ്പിടിക്കാറുണ്ടായിരുന്നു. ഏതു ഉടുപ്പിട്ടാലും അതിനുമുകളിലൂടെ ചോര കുടിക്കാൻ ഓന്തുകൾക്ക് കഴിയുമെന്നായിരുന്നു വിശ്വാസം. ഇപ്പോൾ ഓന്തുകളുടെ നിഷകളങ്കത മനസ്സിലായെങ്കിലും പൊക്കിളിലെ മാത്രമല്ല, ശരീരത്തിലെ മൊത്തം ചോരയും ഊറ്റിക്കുടിക്കുന്ന തുറിച്ചുനോട്ടക്കാരുടെ കണ്ണുകൾ കാണുമ്പോഴൊക്കെ ആ പഴയ വിശ്വാസമാണ് ഓർമ്മ വരിക. അങ്ങനെയാണവറ്റകൾക്ക് ഓന്തുസംഘം എന്ന പേരിട്ടത്. ഓന്തുകളെപ്പോലും നാണം കെടുത്തുന്ന ആ പേര് പിന്നെ സ്വയം പിൻവലിക്കുകയായിരുന്നു. ഇതൊക്കെ മനസ്സിൽ കിടന്നു നീറീ വലിയൊരു കുന്നായപ്പോൾ, കുന്നും കൊണ്ടു നടന്നു മതിയായപ്പോഴാണ് ഒരു ദിവസം ഓവുപാലത്തിലിരിക്കാറുള്ള പച്ചക്കണ്ണുള്ള നീർക്കോലിച്ചെക്കന്റെ കോളറിനു പിടിച്ച് തോട്ടിലേക്കുന്തിയിട്ടത്. ബസ് സഡൻ ബ്രേക്കിട്ടപ്പോൾ ശരീരത്തിൽ വീണ ഉണ്ടപക്രുവിന്റെ മുഖത്തൊന്നു പൊട്ടിച്ചതോടെ ആവേശം കൂടുകയായിരുന്നു.
ക്ലാസ് ലീഡറാവാൻ മത്സരിച്ചതൊക്കെയും ആൺകുട്ടികളുടെ കുറ്റം കണ്ടുപിടിച്ച് അവരെ തല്ലുകൊള്ളിക്കാനായിരുന്നു. പിൽക്കാലത്ത് ഗെറ്റ്ട്ടുഗതറിനെത്തിയപ്പോൾ അസ്ലമിന്റെ ഭാവി നശിപ്പിച്ചത് സിയയാണെന്നെല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ കുറ്റബോധം തോന്നുന്നതിനു പകരം സന്തോഷം തോന്നിയതും അതുകൊണ്ടൊക്കെതന്നെയായിരുന്നു.പത്താംക്ലാസ്സിന്റെ പഠനച്ചൂടിനിടയിലും കറുത്ത ഫ്രൈം കണ്ണടയിട്ട അസ്ലം (Aslam) ഡസ്കിനുമുകളിൽ കറുത്ത മഷിപേനകൊണ്ട് ‘മനസിൽ സൂക്ഷിക്കാൻ നമ്പർ റ്റ്വന്റീ വൺ’ എന്നെഴുതി വെച്ച് അവന്റെ പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മറുത്തൊന്നും പറയാൻ നിൽക്കാതെ നാണമഭിനയിച്ചതും കണ്ണിൽകണ്ണിൽ നോക്കിയിരുന്നതുമൊക്കെ പ്രതികാരം തീർക്കാനുള്ള പുതിയ വഴികളായിരുന്നു. ‘നോട്ടുബുക്ക്’ സിനിമ കണ്ട് ഹരം കയറിയ കൂട്ടുകാർ അവർക്കിടയിൽ മെഴികുതിരി കത്തിച്ചുവെച്ചു അവരുടെ സന്തോഷം പ്രകടിപ്പിച്ചു. ഒടുവിൽ വർഷാവസാനം എല്ലാം നാടകമായിരുന്നെന്ന് സിയ പ്രഖ്യാപിച്ചപ്പോൾ ചെമ്മീനിലെ പരീക്കുട്ടിയെ തോൽപ്പിക്കുംവിധം നിരാശാകാമുകനായ് നടന്ന് അസ്ലം (Aslam) പരീക്ഷയിൽ തോൽക്കുകയും ഉപ്പയുടെ കുരുമുളകു മോഷ്ടിച്ചുവിറ്റു ഒരു രാത്രി നാടുവിടുകയും ചെയ്തു. മുംബൈയിലായിരുന്നെന്നും ഈയിടെ എന്തോ രോഗം വന്നു മരിച്ചൂന്നുമെക്കെ സഹപാഠികൾ പറഞ്ഞതറിഞ്ഞപ്പോൾ ഉള്ളിലെ സന്തോഷം അടക്കിവെച്ച് ‘ഓരോരുത്തരുടെ ദുർവിധി’ എന്നു സഹതപ്പിച്ചുതീർത്തു.
കല്ല്യാണം കഴിഞ്ഞാലെങ്കിലും നന്നാവുമെന്നു കരുതിയാണ് അച്ഛനുമമ്മയും കല്ല്യാണാലോചനയുമായ് രംഗത്തെത്തിയത്. സിയയുടെ എതിർപ്പുകൾ വകവെയ്ക്കാതെ ഒടുവിൽ സിയാഉണ്ണികൃഷ്ണൻ സിയവിവേകായി. ഒട്ടേറെ മോഹങ്ങളുമായ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച വിവേകിന്റെ തലയിലേക്ക് ആദ്യരാത്രിയിൽ തന്നെ സിയയുടെ ഭാവിസങ്കല്പങ്ങളുടെ ഭാണ്ഡക്കെട്ടു മറിഞ്ഞുവീണു. മോഹാലസ്യത്തിന്റെ വക്കിൽ നിന്ന് അവൻ രക്ഷപ്പെട്ടത് “ആർ യൂ മാഡ്..?” “ആർ യൂ മാഡ്..?” എന്നു ചോദിച്ചു സ്വയം ഭ്രാന്തനായിക്കൊണ്ടായിരുന്നു.
“എന്റെ സ്വപ്നങ്ങളിലെ സ്നേഹവാനായ ഒരു ജീവിത പങ്കാളിയാവാൻ വിവുവിനു കഴിയുമോ? വിവുവിന്റെ ആഗ്രഹം പോലെ നമുക്ക് ഒരു കുഞ്ഞുമതി. ഞാനതിനെ വേദന സഹിച്ചു പ്രസവിക്കാം. വിവു ആ കുഞ്ഞിനെ മുലപ്പാലൂട്ടി വളർത്തണം. മുലയൂട്ടാൻ കഴിയുന്ന ആദ്യത്തെ പുരുഷനാവാൻ വിവു സമ്മതിക്കുമോ?”
എട്ടാം ക്ലാസിലെ ബയോളജിയിൽ ഓക്സിടോസിൻ എന്നൊരു ഹോർമോണിനെക്കുറിച്ചു പഠിച്ചതു മുതൽ മനസിൽ ഊറിക്കൂടിയ സ്വകാര്യ സ്വപ്നമായിരുന്നുവത്. അനുരാധ ടീച്ചർ പോലും അന്നു അവളെ കളിയാക്കിചിരിച്ചു. “നീ വല്ല്യ ഡോക്ടറായിട്ട് ഒന്നു പരീക്ഷിച്ചു നോക്കൂ സിയ..” ടീച്ചർക്കു ചിരിച്ചു ചിരിച്ചു വയറുവേദനയെടുത്തു. അന്നു മുതൽ ഡോക്ടറാവാൻ ആഗ്രഹിച്ചിരുന്നെങ്കിലും എൻഡ്രൻസെഴുതി കിട്ടിയില്ല. 1252-ആം റാങ്കുള്ള സിയയ്ക്ക് ഗവണ്മെന്റ് കോളേജിൽ അശ്മിഷൻ കിട്ടിയില്ല. റിപ്പീറ്റിനു പോവാൻ പണമില്ലാത്തതുകൊണ്ടും ഒരു ഭാഗ്യപരീക്ഷ്ണം നടത്താനുള്ള ധൈര്യമില്ലാത്തത് കൊണ്ടും ലോകത്തിനു ഒരു വലിയ ഡോക്ടറെ നഷ്ടപ്പെട്ടു. 5372-റാങ്കുണ്ടായിരുന്ന കൂട്ടുകാരി നിദാജാസ്മിൻ സ്വാശ്രയ കോളേജിൽ ചേർന്ന് ഡോക്ടർ കുപ്പായമിട്ടപ്പോൾ മുതൽ വീണ്ടും ആ സ്വപ്നം പൊടിതട്ടിയെഴുന്നേറ്റിരിക്കുകയാണ്.
കല്ല്യാണം ആദ്യം വെറുപ്പാണുണ്ടാക്കിയതെങ്കിലും വിവേകിന്റെ നിഷ്കളങ്കമായ ചിരിയിൽ ഒരമ്മയുടെ വത്സല്യമുണ്ടെന്നു തോന്നി. സ്പെസിമൻ സ്വന്തം ജീവിതത്തിൽ നിന്നാകാമെന്നു വിചാരിച്ചപ്പോഴാണ് കല്ല്യാണം കൊണ്ടുള്ള ഗുണം മനസ്സിലായത്.
മുല്ലപ്പൂക്കളുടെ മണം അന്നാദ്യമായി അസഹ്യമായ് തോന്നി വിവേകിന്. സിയ ഉടുത്ത നീലസാരിയോടു മാച്ചുചെയ്യുന്ന ജനൽ കർട്ടനുകൾ അവനെ പേടിപ്പിച്ചു. ഒരു മഴക്കാറ്റിന്റെ ഹുങ്കാരശബ്ദം അവന്റെ ധമനികളെ മരവിപ്പിച്ചു. ചില്ലുജാലകത്തിന്റെ തുറന്നപാളികൾക്കുള്ളിലൂടെ പാഞ്ഞുവന്ന കാറ്റിൽ സിയയുടെ മുടിഴിയകൾ ആയിരം പാമ്പുകളെപ്പോലെ ഫണമുയർത്തി. അവളുടെ ചുവന്ന ചുണ്ടുകൾക്കിടയിലൂടെ രണ്ടു ദംഷ്ട്രകൾ വളർന്നു വരുന്നതായ് അവനു തോന്നി. അവന്റെ സങ്കൽപങ്ങളെ തൂത്തെടുത്തുകൊണ്ടു കാറ്റു പിൻ വാങ്ങുമ്പോൾ അവന്റെ കണ്ണുകളിലേക്ക് ഇരുട്ട് അട്ടകളെപ്പോലെ നുഴഞ്ഞു കയറി.
വിവുവിന്റെ കണ്ണുകളിൽ സിയ ഭ്രാന്തിയായി. യക്ഷിയായി. വീടു നോക്കാനറിയാത്ത, പൂമുഖവാതിൽക്കൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും ആവാനാവാത്തവളായി. എന്നിട്ടും സിയയുടെ കണ്ണുകളിലെ വശീകരണപ്രകാശത്തിൽ നിന്നും വഴിതെറ്റി സഞ്ചരിക്കാൻ അവനായില്ല.പുരുഷവർഗ്ഗത്തോടുള്ള പ്രതികാരം തീർക്കാൻ വിചിത്രമായ സ്വപ്നങ്ങൾ കണ്ടു നടക്കുന്ന അവൾക്കു പിറകെ ഒരു കനം കുറഞ്ഞ മേഘമായ് സഞ്ചരിക്കാൻ മാത്രമേ അവനു കഴിഞ്ഞുള്ളൂ. ഒരിക്കലവൻ തെന്നെ തണുപ്പികുമെന്നും ആ തണുപ്പിൽ ഒരു മഴയായ് പെയ്തിറങ്ങി പുതു സ്വപ്നങ്ങളുടെ വിത്തിയാമെന്നും അവൻ ആശ്വസിക്കാൻ ശ്രമിച്ചു.
എന്നിട്ടും ‘ആർ യൂ മാഡ്” എന്നു ചോദിക്കാതിരിക്കാൻ പലപ്പോഴും അവനായില്ല. ആർ യൂ മാഡ് എന്ന് ചോദിച്ച് സ്വയം മണ്ടനാവാനായിരുന്നു അവന്റെ വിധി. പാൽ ചുരത്തുന്ന പുരുഷനേയും പ്രസവ വേദനയിൽ നിലവിളിക്കുന്നവനേയുമൊക്കെ സ്വപ്നം കണ്ടത് സിയയായിരുന്നെങ്കിൽ ഞെട്ടിയുണർന്നതും നിലവിളിച്ചതുമൊക്കെ വിവേകായിരുന്നു. പത്രത്താളികളിലേ വളപ്പൊട്ടുകളും ചോരത്തുള്ളികളും കീറിപ്പറഞ്ഞ വസ്ത്രങ്ങളുമൊക്കെ അവനെ ഭ്രാന്തു പിടിപ്പിച്ചു. പ്ത്രം വലിച്ചുകീറി കാറ്റിൽ പറത്തി സ്വന്തം തലമുടി പിച്ചിപ്പറിച്ച് അവൻ ആർത്തു കരഞ്ഞു. സിയയുടെ മനസ്സിൽ വീഴുന്ന ഓരോ ഭാരമേറിയ കല്ലുകളും ഓളങ്ങളുണ്ടാക്കി തീരം തകർത്ത് ആഞ്ഞടിച്ചത് അവന്റെ മനസ്സിലായിരുന്നു. സിയയുടെയുള്ളിൽ കാലങ്ങളആയ് ഉതിർന്നു വീണു മരവിച്ചു തണുത്ത വിജനമായ ഹിമ പർവ്വതങ്ങൾ ഉരുകിയൊലിച്ച് പ്രളയം തീർത്തത് അവനിലായിരുന്നു.
“രോഗം സിയയ്ക്കാണ്. ലക്ഷണം ഇവനും. ചികിത്സിക്കേണ്ടത് ഇവളെയാണ്. ഇവൻ നോർമ്മലാകും” കടങ്കഥയ്ക്കുത്തരം പറയാൻ നിൽക്കാതെ മറ്റൊരു സൈക്യാട്രിസ്റ്റിനെക്കൂടി പരിചയപ്പെടുത്തി തരാൻ പറയാനാണ് ഡോ. നിദാജാസ്മിനെ കാണാൻ വീണ്ടും ചെന്നത്.
“ഇനിയും മാറിയില്ലേ നിന്റെ പുരുഷവിരോധം?” എന്നത്തേയും പോലെ അന്നും അവൾ കളിയാക്കി. “കല്ല്യാണം കഴിഞ്ഞാലെങ്കിലും നീ നന്നാവുംന്ന് കരുതിയ ഞങ്ങൾ ഫൂൾസ്. ഇതിപ്പൊ കൂടുകയാണല്ലോ മോളേ..” ക്ക്ലിനിക്കിൽ തിരക്കു കുറവായിരുന്നു.”ശാസ്ത്രം പുരോഗമിക്കുകയല്ലേ. കുറേക്കാലം കഴിയുമ്പൊ നീ പറയും പോലെ പാൽ ചുരത്തുന്ന പുരുഷനും ഉണ്ടായിക്കൂടെന്നില്ല. പ്ക്ഷേ ഓക്സിടോസിൻ കുത്തിവെച്ചോണ്ടൊന്നും നീ പറയും പോലെ നടക്കില്ല. പാവം വിവേക്. നിനക്കു വേണ്ടി അവനെത്രമാത്രം അഡ്ജസ്റ്റ് ചെയ്യുന്നു. വീട്ടുജോലികളിൽ സഹായിക്കാറില്ലേ.. നിനക്കുവേണ്ടി അവന്റെ കമ്പനിയിൽ ജോലി ശരിയാക്കാൻ നോക്കുന്നില്ലേ.. വീട്ടിൽ ചടഞ്ഞിരിക്കാതെ നീ ജോലിയ്ക്കു പോകൂ.. ഇല്ലേൽ ഒരു പി.എച്ച്.ഡിയെടുക്ക്. വിഷയം ഇതുതന്നെയായിക്കോട്ടേ. നിന്റെ വേണ്ടാത്തരങ്ങളൊക്കെ മാറും. അവനും സുഖമാകും..”
അവൾക്കു തലപെരുക്കുന്നതായ് തോന്നി. ശത്രുവിനു വേണ്ടിയുള്ള വാദം എത്രനേരം സഹിച്ചിരിക്കും? വിവുവിനെക്കുറിച്ച് പറഞ്ഞതൊക്കെ ശരിതന്നെ. എങ്കിലും എപ്പോഴും എവിടെയും സഹതാപവും അഭിനന്ദനവും സ്വാതന്ത്ര്യവും മാത്രം ലഭിക്കുന്ന വർഗത്തെക്കുറിച്ച് കേട്ടിരിക്കുന്നത് ശരിയല്ലല്ലോ. അവൾ പ്രതികരിക്കാൻ തുടങ്ങുകായിരുന്നു. പെട്ടെന്നാണു ഡോർ തള്ളിത്തുറന്ന് അയാൾ വന്നത്. മുണ്ടും ഷർട്ടുമൊക്കെ വേഷമെങ്കിലും മീശയും താടിയുമില്ലാത്ത മുഖവും ദയനീയമായ കണ്ണുകളും ഒരു മുയൽക്കുഞ്ഞിനെയാണോർമ്മിപ്പിച്ചത്.
“ഗോപൻ എന്തു പറ്റി?” നിദ പെട്ടെന്നെഴുന്നേറ്റു. “വയ്യ ഡോക്റ്റർ..വയ്യ..സഹിക്കാൻ വയ്യ..” പത്തിരുപത്തെട്ടു വയസ്സു തോന്നിക്കുന്ന ആ ചെറുപ്പക്കാരൻ വയർ പൊത്തിപ്പിടിച്ചുകൊണ്ടു നിലവിളിച്ചു.
“അവിടെ ബെഡിൽ കിടക്കൂ ഗോപൻ. ജസ്റ്റ് വൺ മിനുട്ട്. സിയാ..നീ ഇപ്പോൾ പോ..നമുക്കു രാത്രി കാണാം..” ബെഡിനടുത്തേയ്ക്കു പുറം തിരിഞ്ഞുപോയ ആ ചെറുപ്പക്കാരന്റെ പിൻ വശത്ത്, വെളുത്ത മുണ്ടിൽ ചോരക്കറ പുരണ്ടിരുന്നു. ഗൈനക്കോളജിസ്റ്റിനെ കാണാൻ വന്ന ചെറുപ്പക്കാരന്റെ മുണ്ടിനുപിന്നിലെ ചുവന്ന അടയാളങ്ങളുടെ ദുരൂഹതയോർത്താണ് ക്ലിനിക്കിന്റെ പടിയിറങ്ങിയത്.
രാത്രി കാണാൻ പറ്റിയില്ലെങ്കിലും ഡോ.നിദ ഫോൺ വിളിച്ചു. സംസാരൊച്ചു തുടങ്ങിയപ്പോഴേക്കും ചാർജ്ജു തീർന്നു ഫോൺ സ്വിച്ച് ഓഫായി. അപ്പോഴാണവൾക്കു സ്ത്രീവർഗ്ഗം എന്നന്നേയ്ക്കുമായ് ജയിച്ചുവെന്നു തോന്നിയത്. സ്വപ്നം സഫലമായെന്നു തോന്നിയത്. ഹെലനും ക്ലിയോപാട്രയും ഹൈപേഷ്യയുമെല്ലാം വിജയത്തിന്റെ ആർപ്പുവിളികളുമായ് സെറിബ്രത്തിന്റെ ചുരുളുകൾക്കുള്ളിൽ ചിരിക്കണമെന്നു തോന്നിയത്.
പക്ഷേ വീണ്ടും അവളുടെ കോൾ വന്നപ്പോൾ ചക്രവ്യൂഹത്തിലകപ്പെട്ട പോലെയായ്. കരുതിയതൊന്നും തെറ്റാണെന്നു തോന്നുന്നേയില്ല. പക്ഷേ എവിടെയോ അല്പം ദിശ തെറ്റിയെന്നു മാത്രം. നിദാജാസ്മിന്റെ കുറ്റപ്പെടുത്തലുകളും ചോരക്കറ പുരണ്ട വെളുത്ത മുണ്ടും അവളുടെ മനോവീചികളിൽ കൊടുങ്കാറ്റിന്റെ ശക്തി പടർത്തി.
ഇപ്പോൾ വിവേക് അസ്വസ്ഥനായിക്കാണും. തലമുടി പിച്ചിപ്പറിക്കാൻ തുടങ്ങിയിട്ടുണ്ടാകും. കമ്പ്യൂട്ടർ ഓഫാക്കാതെ എഴുന്നേറ്റു ടെറസിലേക്കോടിയിട്ടുണ്ടാവും.. അവളുടെ കണ്ണു നിറഞ്ഞു. പ്രണയം നിറഞ്ഞ അവന്റെ മിഴികളും റോസാപ്പൂവിന്റെ മൃദുലത്യുള്ള അവന്റെ കൈകളുമോർമ്മ വന്നു.
“ഒരു തെർമോഡൈനാമിക്സാണു ജീവിതം. ചൂടും തണുപ്പും സന്തുലിതമാകും വരെ അവ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും. അതുപോലെ നീയും ഞാനും തുല്ല്യമാകുമ്പോഴല്ലേ നമ്മൾ നമ്മളാകുന്നത്..?” മൂടൽമഞ്ഞിനുള്ളിലെ മിന്നാമിനുങ്ങു പോലെ അന്നവയുടെ തിളക്കം കാണാനായില്ല. ചുവന്ന മേഘങ്ങൾ ചോരമഴ വർഷിച്ചപ്പോൾ വെള്ളമഞ്ഞു കലങ്ങിയൊഴുകിയപ്പോലെഴാണു അവയെ കാണാനാവുന്നത്.
അവളുടെ സ്വപ്നം പോലെ പാൽചുരത്തുന്ന പുരുഷനായിരുന്നില്ല ഗോപൻ. “തന്റെ ആൺശരീരം തന്നെ വഞ്ചിച്ചൂ എന്നറിയാതെ ഓരോ മാസവും ഇതു നിൽക്കുമെന്നു കരുതി മരുന്നു കഴിച്ചു നിരാശനായ് അവൻ വരുമ്പോൾ, പട്ടിണി കിടന്നു മെലിഞ്ഞ അവന്റെ ദേഹം കാണുമ്പോൾ, കത്തിക്കീറുന്ന വേദനയുമായ് ഇതൊന്നവസാനിപ്പിക്കാൻ ഒരു മാർഗവുമില്ലേയെന്നവൻ നിലവിളിക്കുമ്പോൾ എനിക്കു മനസിലാകും സിയാ.. ആ വേദന…”
സിയയുടെ ചിരിയലകൾക്കു മേൽ തീവാരിയെറിഞ്ഞുകൊണ്ട് നിദാജാസ്മിന്റെ വാക്കുകൾ ആളിക്കത്തുകയാണ്.
“ഗോപാലൻ ഇനി പെണ്ണാവുകയാണ്. നിന്റെ സ്വപ്നം ഒരു തരത്തിലെങ്കിൽ മറ്റൊരു തരത്തിൽ സഫലമാവാൻ പോവുകയാണ്. നീ സന്തോഷിക്കൂ സിയാ.. നീ ആഗ്രഹിക്കുന്നവരുടെ ലോകം നിനക്കുചുറ്റുമുണ്ട്. നീ കാണുന്നില്ല. എവിടെയാണ് തെറ്റു പറ്റിയതെന്നു സ്വയം ചിന്തിക്കൂ. സ്വയം ചികിത്സിക്കൂ..ഗുഡ്നൈറ്റ്.”
സിയയ്ക്കുള്ളിൽ അവൾക്കെതിരെ തന്നെ ഒരു പടയൊരുക്കത്തിന്റെ ശംഖൊലി അവൾ കേട്ടൂ. പരുക്കൻ ശബ്ദത്തിൽ അവൾക്കെതിരെ ഉയരുന്ന സ്വരം അവൾ തിരിച്ചറിഞ്ഞു. വിരോധം തോന്നിയില്ല. ഈ സമയം വിവേകിന്റെയുള്ളിൽ ഒരു പെൺപക്ഷക്കാരി ഉണർന്നിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. ഇപ്പോൾ സിയയ്ക്കു പറയാമെന്നു തോന്നുന്നു, ആരാണു ജയിക്കുന്നത്, ആരാണു തോൽക്കുന്നതെന്ന്…