Sunday, 17 February 2013

വാഴ്വാധാരം




അന്ന് ഭൂമിയൊരു വിജനമായ മണൽപ്പരപ്പായിരുന്നു. കാറ്റിന്റെ അലയൊച്ചയല്ലാതെ മറ്റൊന്നും കാണാനോ കേൾക്കാനോ ഇല്ലാത്ത വരണ്ട കുന്നുകളും മണലും മാത്രമുള്ള ഗൃഹം. ഭൂമിയിൽ ആകെയുള്ള ജീവനുകൾ ഒരാൺകുട്ടിയും പെൺകുട്ടിയും മാത്രമായിരുന്നു. അവരുടെ ജന്മരഹസ്യം പ്രകൃതിയുടെ മാത്രം നിഗൂഢതയാണ്. അതിവിശാലമായ ഈ ഭൂമിയിൽ അവർ മാത്രം ജീവന്റെ തുടിപ്പുകളായ് ചലിച്ചുകൊണ്ടിരുന്നു……..
 
            വിരസമായൊരു പകലിൽ ആൺകുട്ടിയും പെൺകുട്ടിയും തൊട്ടുകളി കളിയ്ക്കാനാരംഭിച്ചു. ആൺകുട്ടിയായിരുന്നു തൊടാൻ. കാറ്റിനോടൊപ്പം മത്സരിച്ച് പെൺകുട്ടി കുതിച്ചുപാഞ്ഞു. മലകളും കുന്നുകളും സമതലങ്ങളും പിന്നിട്ടു. ആൺകുട്ടിയും അവളെ പിന്തുടർന്നു കൊണ്ടേയിരുന്നു. രാവുകളും പകലുകളും കടന്നു പോയിട്ടും പെൺകുട്ടിയെ തൊടാൻ ആൺകുട്ടിയ്ക്കായില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടി ഓടിയോടി ഒരു വലിയ ഗർത്തത്തിന്റെ മുനമ്പിലെത്തി. ആൺകുട്ടി പിറകെ പാഞ്ഞുവരുന്നുണ്ടായിരുന്നു. ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം പെൺകുട്ടി “ഇവിടെ മുഴുവൻ കടലാവട്ടെ” എന്നു പറഞ്ഞ് ഗർത്തത്തിലേയ്ക്കെടുത്തു ചാടി. പിറകെ ആൺകുട്ടിയും. അവൾ പറഞ്ഞപോലെ ഗർത്തമാകെയും ഒരു കടലായി. കടലിലെ ഒരു തിരയായി അവൾ രൂപാന്തരം പ്രാപിച്ചു. അവളെ തൊടാനായുന്ന ഒരു വൻ തിരയായ് ആൺകുട്ടിയും മാറി. പെൺതിര തീരത്തേയ്ക്കാഞ്ഞടിച്ച് ഊളിയിട്ടു കടന്നു പോകും.ആൺതിര പിറകെ ആർത്തലച്ച് വരികയും അവളെ തൊടാൻ പിറകെ പായുകയും ചെയ്യും. ഇന്നും അവരത് തുടർന്നുകൊണ്ടേയിരിയ്ക്കുന്നു.... എന്നെങ്കിലും ആൺതിര പെൺതിരയെ തൊട്ടാൽ അന്ന് കടൽ മായും. ഭൂമി നനവു വറ്റി വിജനമായിത്തീരും. ലോകം അവസാനിയ്ക്കും.
 
           ഒഴിഞ്ഞ സമരപ്പന്തലിന്റെ മുളന്തൂണിൽ ചാരി നിന്നുകൊണ്ട് തിരകളെ നോക്കുമ്പോൾ ജഗന് കടലിന്റെ കഥയോർമ്മ വന്നു. ഒരു ഭ്രൂണത്തിന്റെ ചുവപ്പിനെ കുടിച്ചിറക്കിയതിന്റെ മനം മടുപ്പിൽ ഇപ്പോഴും തിരകൾക്ക് ഓക്കാനം വരുന്നുണ്ടെന്ന് അവന് തോന്നി. അതോ, കടപ്പുറത്ത് ചോര വീണതിന്റെ അമർഷം അടങ്ങാതെയുള്ള കെറുവിക്കലോ? ഏന്തിവലിഞ്ഞു വരുന്ന തിരകളെ കണ്ടപ്പോൽ, ചിന്തകളിലൊരു വേലിയേറ്റമുണ്ടായി.
 
          “വീണ്ടും സമരം തുടങ്ങണം. ഒരു പക്ഷേ പ്രതിലോമ ശക്തികൾ ഇനിയും രക്തച്ചൊരിച്ചിലുണ്ടാക്കാനിടയില്ല. മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു….” ജഗന്റെ കൈകളിൽ കൈ കോർത്തുകൊണ്ട് ധൃശാൽ പറഞ്ഞു.
 
          “ഒന്നു രണ്ടാഴ്ച്ച കൂടി….. അതു കഴിഞ്ഞാൽ മാധ്യമങ്ങളും ചവച്ചു തുപ്പും….. എല്ലാം……എല്ലാം….” പറയാൻ വന്നതിനെ ജഗൻ തൊണ്ടയുടെ ഇരുട്ടിലേയ്ക്കു തന്നെ തള്ളിയിട്ടു. ഒരു പക്ഷേ ഇനിയും പറ്റിപ്പിടിച്ച് അത് കയറി വന്നേക്കാം…… ജഗനു കടലിന്റെ തിരത്തഴുകലിൽ ഒന്നു നനയണമെന്നുണ്ടായിരുന്നു. കടൽ വേദനയാകെ ശരീരത്തിൽ പടരുമെന്നതിനാലും കടൽ നെഞ്ചുകളിലെ മുറിവുകൾ ത്വക്കിലേക്കു കൂടി പറ്റിച്ചേരുമെന്നതിനാലും ജഗൻ ആ മോഹത്തെ തിരകൾക്കു സമർപ്പിച്ചു.
 
പെൺതിരയ്ക്കു ശ്യാമഥീനയുടെ മുഖം!  
         ”ജഗൻ…… പ്ലീസ്. തുടങ്ങി വെച്ചതിനെ നാം പൂർത്തിയാക്കണം. എന്തു വന്നാലും മുന്നോട്ടു തന്നെ.”
         ”മനുഷ്യരെന്നും സ്വാർത്ഥരാണ്. നമുക്ക് സ്നേഹിയ്ക്കാനറിയില്ല. നടിയ്ക്കാനേ അറിയൂ…..”
         ”ഈ സമരം നമ്മുടെ സ്നേഹത്തിന്റെ അടയാളമല്ലേ…… കടലിനോടുള്ള നമ്മുടെ സ്നേഹം?
          ശ്യാമഥീനയും പലവട്ടം ചോദിച്ചതാണ് ഈ ചോദ്യം. ആൺതിര പെൺതിരയെ തൊടുന്നതാണോ, തൊടാതിരിയ്ക്കുന്നതാണോ പ്രകൃതിയുടെ നിശ്ചയം? കടലും ജീവനും തമ്മിലുള്ള അഗാധ ബന്ധത്തിന്റെ ആഴമത്രയും കൊണ്ടുവന്നത് ശ്യാമഥീനയായിരുന്നു. നെയ്തലുകാരിപ്പെണ്ണിന്റെ കടൽ റിസർച്ചാണ് അസ്വസ്ഥതകളൊന്നാകെ വലിച്ചുവാരി മനസ്സിലേയ്ക്കിട്ടത്. കണ്മഷി പടർന്നിറങ്ങിയ കൺതടങ്ങളും, ഇരുനിറത്തിലിത്തിരി കുങ്കുമം പടർത്തിയ പോലത്തെ നിറവും പെൺതിരയുടെ മുഖവുമുള്ള പെണ്ണ്! വെള്ളിലപ്പൂവിന്റെ കമ്മലിട്ട്, പവിഴമല്ലിപ്പൂ മാലയിട്ട് അവളെ ആദ്യം കണ്ടപ്പോൾ തലയ്ക്കു ഭ്രാന്താണെന്ന് ശരിയ്ക്കും നിനച്ചു. പക്ഷേ ജെ.ജെ.ബിയെ (ജൈവ ജീവിത ഭൂമി) മറ്റെല്ലാവരേക്കാളും പകർത്തിയെടുത്തത് ശ്യാമഥീനയായിരുന്നു.
          പ്രകൃതി മനുഷ്യന്റെ അജൈവശരീരമാണെന്ന ബോധം മറ്റെല്ലാവരേക്കാളും അവൾക്കുണ്ടായിരുന്നു. ജൈവ ജീവിത ഭൂമിയിൽ സകലജീവീകേന്ദ്രിത കഴ്ച്ചപ്പാടുകളേയുള്ളൂവെന്ന് അവളെപ്പോഴും പറയും. രാവിലെ പൊഴിഞ്ഞു കിടക്കുന്ന പൂക്കൾ പെറുക്കിയാണവൾ മാലയുണ്ടാക്കിയിരുന്നത്. പാറ്റ,പുഴു തുടങ്ങിയ എന്തിനേയും അവൾക്കിഷ്ടമായിരുന്നു. മാനസിക വികസനം നേടിയ മനുഷ്യകുലവും ഇതര ജീവികളും സമവായത്തിലെത്തുന്ന ലോകമായിരുന്നു ജെജെബിയെ പോലെ അവളും ആഗ്രഹിച്ചിരുന്നത്. അതിജൈവീകമായ ജീവിതം, ജൈവസമ്പന്നമായ പ്രണയം, പച്ച പിടിച്ച സ്വപ്നങ്ങൾ……. ആദിപ്രകൃതിയുടെ നിഗൂഢതകളിലേക്കുള്ള തിരിച്ചുപോക്ക്!
           
          ധൃശാൽ വെയിലു വീണ കടപ്പുറത്തുകൂടി ദൂരേയ്ക്കു നടന്നു പോയി. അവന്റെ ചെരിപ്പടയാളം പതിഞ്ഞ മണൽക്കുഴികളിൽ നിന്ന് ഒരു കുഞ്ഞിന്റെ മേലു നൊന്ത ചിണുക്കം കേട്ട് ജഗൻ ഞെട്ടി. “അഥീനാ…..”
          
          ചൊറിക്കടലോരത്ത് ക്യാമ്പ് ചെയ്ത അന്നാണ് അവൾ കടലുണ്ടായ കഥ പറഞ്ഞത്. “ശാസ്ത്രം പഠിച്ച നീ ഇയ്ജ്ര സില്ലിയാകരുത് അഥീനേ” എന്നാരൊക്കെയോ അവളെ കളിയാക്കിയിരുന്നു. അവളതൊന്നും കാര്യമാക്കിയതേയില്ല. അവളുടെ മുറി നിറയെ പെൺതിരയുടേയും ആൺതിരയുടേയും വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങളായിരുന്നു. അവളു തന്നെ വരച്ച് നിറം പാർന്നത്. കടലിന്റെ ഓരോ ഭാവങ്ങളും അവൾക്കറിയാം. ഈയിടെയായ് പെൺതിരയുടെ വേഗത കുറഞ്ഞു കുറഞ്ഞു വരികയാണെന്ന് ജെജെബിയിൽ ആദ്യം തിരിച്ചറിഞ്ഞതും അവളാണ്. കടലുകളിൽ പേരറിയാത്ത രോഗം പടർന്നിറങ്ങിയിരിക്കുന്നു. രോഗത്തിന്റെ വിത്തുകൾ കടൽക്കാറ്റിലൂടെ, മണൽപ്പുറങ്ങളിലൂടെ കരയേറി വന്നിരിക്കുന്നു.
           കടലോരം നിറയെ ചൊറി നിറഞ്ഞു. കടൽ വെള്ളം തട്ടിയ മണൽത്തരികളൊക്കെ കറുത്തു കരുവാളിച്ചു കിടന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഡ്രാക്കുള, പെട്ടികളും കൊണ്ട് കടലുതാണ്ടി വന്നതാണത്രേ. കടലിൽ മീൻ പിടിക്കാൻ പോയവരൊക്കെ കപ്പലു നിറയെ പെട്ടികളുമായ് ഡ്രാക്കുള വരുന്നത് കണ്ടിട്ടുണ്ട്. ചോരവറ്റി പലരും കടപ്പുറത്തു ചത്തു വീണു. ചോരയില്ലാത്തവർ വയറ്റീന്നെളകി ചത്തു. തിരയിൽ കാലു കഴുകിയവർക്കും കുളിച്ചവർക്കുമൊക്കെ ചൊറി വന്നു. രാത്രികളിൽ ആൺതിരയും പെൺതിരയും പേടിച്ചലറി വിളിച്ച് കരവിട്ട് പിന്നോക്കം പായാറുണ്ടത്രേ!
           ”ആൺതിര പെൺതിരയെ തൊടാറായി……..” കടപ്പുറ മുത്തശ്ശിമാർ കടലുണ്ടായ കഥ പറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിച്ചുറക്കി. വാഴ്വാധാരത്തിന്റെ ശോചനീയാവസ്ഥയിലും, അത് നൽകിയ ദുരന്തത്തിലും മനം നൊന്ത്, പഴമക്കാർ കവലകളിൽ ഊഹാപോഹങ്ങൾ നിരത്തി ചൊറി മാന്തിയിരുന്നു. കടൽപ്പായലു തിന്നു ജീവിക്കുന്ന ലൂർദ് സ്വാമി വയറിളക്കം പിടിച്ച് ചത്തപ്പോൾ കരക്കാർ മീനും പായലും ഉപേക്ഷിച്ചു. എന്നാൽ പാറക്കെട്ടുകൾക്കപ്പുറം കറുത്തു കരുവാളിച്ച പായലുകൾക്കിടയിൽ പിശാചിന്റെ പെട്ടികൾ കുന്നുകൂടിക്കൊണ്ടേയിരുന്നു. കടലിന്റെ നീലിമയിലേക്ക് ആ പെട്ടികൾ കറുത്തു കൊഴുത്ത ചിരി പാർന്നു കൊണ്ടേയിരുന്നു.
            അങ്ങനെയിരിക്കവേയാണ് പിശാചു കപ്പലിറങ്ങിയ കടപ്പുറത്തേക്ക് ജെജെബി, പിശാചു വേട്ട്യ്ക്കിറങ്ങിയത്.
            കടലോരത്ത് ഉയർത്തിക്കെട്ടിയ ടെന്റിനു മുന്നിൽ മീന്വാലു പോലെ ആളുകൾ വരി നിന്നു. ചൊറിയും ചിരങ്ങും പിടിച്ച് മാന്തിച്ചൊറിഞ്ഞ മുറിവുകളിൽ നിന്ന് ചോരയും ചലവും കുടിച്ചു മടുത്ത ഈച്ചകൾ കടൽക്കാറ്റിൽ ഉന്മാദ നൃത്തം വെച്ചു. ഡോ.പദ്മകുമാർ ഓരോരുത്തരേയും പരിശോധിച്ച് മരുന്ന് എഴുതിക്കൊടുത്തു. ശ്യാമഥീനയും ജഗനും മരുന്ന് വിതരണം ചെയ്തുകൊണ്ടിരുന്നു. ചെറിയ ബോട്ടിലുകളിൽ ശേഖരിച്ച ചോരയും ചലവും സ്ലൈഡുകളിൽ നിരത്തി മുഹമ്മദ് സൂക്ഷ്മ പരിശോധന നടത്തി, ഡ്രാക്കുളയുടെ മായാജാലം പഠിക്കാൻ ശ്രമിച്ചു. അന്നത്തെ വരി തീർന്നപ്പോൾ സാധനങ്ങളൊക്കെ അടുക്കിപ്പെറുക്കി ജെജെബിയുടെ ചെറു സംഘം മടക്കയാത്ര തുടങ്ങി. പാറക്കെട്ടിനപ്പുറം ഡ്രാക്കുളപ്പെട്ടികൾ പായലും ചളിയും വിരിച്ച മെത്തയിൽ വിശ്രമിച്ചുകൊണ്ട് പരിഹസിച്ചു ചിരിച്ചു.
            കടൽത്തിരകളോട് സംസാരിച്ചു നടന്ന് ശ്യാമഥീന സംഘത്തിന്റെ ഏറ്റവും പിറകിലായി ആൺതിരയും പെൺതിരയും കണ്ണിറുക്കിക്കാണിച്ച് അവരുടെ കളി തുടർന്നുകൊണ്ടേയിരുന്നു. 
“ഓടിക്കോ…….ഓടിക്കോ…..” പെൺതിര പാഞ്ഞുവന്ന് കര തൊട്ടു ഊളിയിട്ടു പായുമ്പോൾ ശ്യാമഥീന പ്രോത്സാഹിപ്പിച്ചു. ആൺതിര ദേഷ്യത്തോടെ പിറകെയോടി വന്ന് ശ്യാമഥീനയുടെ റാണിപിങ്ക് സാരിയുടെ മുട്ടറ്റം വരെ നനച്ച് പെൺതിരയ്ക്ക് പിറകെ പാഞ്ഞു. പുറമെ കളിച്ചു ചിരിയ്ക്കുന്നുണ്ടെങ്കിലും കടലുടലുകൾ നിറയെ വ്രണങ്ങളാണ്. പെൺതിരയുടെ ഓട്ടത്തിന്റെ വേഗത നാൾക്കുനാൾ കുറഞ്ഞു വരികയാണെന്ന് അവൾക്കറിയാം. വാഴ്വാധാരത്തിന്റെ വേദനകളുടെ ആഴങ്ങൾ ശ്യാമഥീനയുടെ മനസിൽ ചുഴികളും മലരികളും സൃഷ്ടിച്ചു. ആൺതിര പെൺതിരയെ തൊട്ടാൽ?
            ജഗൻ പിന്നോക്കം നടന്നു വന്ന് ശ്യാമഥീനയുടെ ഭാരമേറിയ ബാഗ് വാങ്ങി ചുമലിലിട്ടു. ചുവന്ന നിറം വീണ കടലിന്റെ അനന്തതയുടെ സാങ്കൽപ്പിക അറ്റത്ത് കടൽപ്പക്ഷികളോ കപ്പലുകളോ എന്നറിയാതെ കറുത്ത പൊട്ടുകൾ ചലിക്കുന്നത് നോക്കിക്കൊണ്ട് ജഗൻ ശ്യാമഥീനയ്ക്കൊപ്പം നടന്നു. ശ്യാമഥീന പറഞ്ഞ കടലുണ്ടായ് കഥ- മാനസമണൽപ്പുറങ്ങളിൽ പൊടിക്കാറ്റുണ്ടാക്കി.
           ”എടേയ് ജഗൻ……. ഹണിമൂണാഘോഷിക്കാൻ പറ്റിയ സ്ഥലം തന്നെ കടല്…..” മുഹമ്മദ് പിറകോട്ടു വിളിച്ചു പറഞ്ഞു. “ചൊറിക്കടലോരത്തെ ഹണിമൂൺ. മാന്തിച്ചൊറിഞ്ഞ് ആഘോഷിക്കാം. വൗ കൊള്ളാം……” ഡോ.പദ്മകുമാർ കാറിന്റെ ഡിക്കിയിൽ ബാഗുകൾ പെറുക്കിയടുക്കവേ ആർത്തു ചിരിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു.
            ക്യാമ്പ് കഴിഞ്ഞു പോയതിനു ശേഷം, അടുത്ത ശനിയാഴ്ച്ചയാകും മുൻപെ മുഹമ്മദ് ജെജെബിയുടെ അടിയന്തിര മീറ്റിങ്ങ് വിളിച്ചു ചേർക്കുകയായിരുന്നു. “ലിസൺ മീ….” മുഖവുരയില്ലാതെ അവൻ ലാപ്ടോപ് ഓൺ ചെയ്തു. ഡെസ്ക്ടോപ്പിൽ മനോഹരമായ ഒരു പാർക്കിന്റെ ദൃശ്യം. മഞ്ഞു തങ്ങി നിൽക്കുന്ന ഓക്കുമരച്ചില്ലകളിൽ കിളികളും, പുൽമൈതാനിയിലൂടെ അലസമായ് നടക്കുന്നവരുമുള്ള അതിമനോഹരമായ ചിത്രം.
           ”ഇത് സെവേസോ ഓക്ക്പാർക്ക്. ഇതിനിടയിൽ ടൺ കണക്കിന് വിഷവസ്തുക്കളും രാസമാലിന്യങ്ങളുമാണ്. ഒരു രാസച്ചോർച്ചയാൽ നശിച്ച നാടിനു പകരം കമ്പനിയുടെ പ്രത്യുപകാരം…….”
            വിഷം വിഴുങ്ങിയിട്ടും പച്ച കിളിർപ്പിച്ച പ്രകൃതിയുടെ കനിവും ക്ഷമയുമോർത്തപ്പോൾ ശ്യാമഥീനയുടെ കോഫീ ബ്രൗൺ കണ്ണുകൾ നിറഞ്ഞൊഴുകി…..
            അവളങ്ങനെയാണ്. കുഞ്ഞുകാര്യങ്ങളിൽ വിസ്മയിച്ച് സൂഷ്മതയിൽ നിന്ന് പ്രപഞ്ചത്തിലേക്കു പറന്നങ്ങു പോകും. പ്രകൃതിയുടെ പച്ചക്കിളിർപ്പുകൾ കണ്ടാൽ അപ്പോൾ കരയാൻ തുടങ്ങും. അതിത്തിരി ഓവറാണെന്ന ആക്ഷേപം സംഘടനയിലെല്ലാവർക്കുമുണ്ടായിരുന്നു. ജെജെബി കൃഷി ഏറ്റെടുത്തതു തന്നെ ശ്യാമഥീനയുടെ നിർബന്ധം കൊണ്ടായിരുന്നു. പണിയെടുക്കൻ ആളെ കിട്ടാതെ വയലു കരഭൂമിയാക്കാൻ തീരുമാനിച്ച അച്ചന്റെ ധർമ്മ സങ്കടത്തെക്കുറിച്ച് ധൃശാൽ വികാരാധീനനായപ്പോഴാണ് അഥീന ജെജെബി കൃഷി ഏറ്റെടുക്കണമെന്നാശ്യപ്പെട്ടത്. കാൽപ്പനികമായ സ്വപ്നമെന്ന് എല്ലാവരും കണക്കിനു വിമർശിച്ചു. അഥീന തോറ്റില്ല. അവളെപ്പോലെ ഭ്രാന്തു പിടിച്ച നാലഞ്ചു കൂട്ടുകാരികളെ കൂട്ടുപിടിച്ച് കൃഷിയേറ്റെടുത്തു. അവൾ വരച്ചിട്ട പച്ചക്കടൽ വയലിലെ തിരയിളക്കങ്ങൾ പതുക്കെ എല്ലാവരിലേക്കും പടർന്നു. അങ്ങനെയാണ് ധൃശാലിന്റെ അച്ഛന്റെ ഒരേക്കർ പാടത്ത് നെല്ലു വിതച്ചത്. ജീൻസും ടോപ്പും ഹാഫ്സാരിയും ചുരിദാറുമൊക്കെയിട്ട പെൺകുട്ടികൾ നനഞ്ഞു കുഴഞ്ഞ ചേറ്റിലേക്കിറങ്ങി. മുണ്ടും തലേക്കെട്ടുമായി ആൺകുട്ടികളും ഉഴവുകാളകളേക്കാൾ ഊറ്റത്തിൽ കൊഴുത്ത മണ്ണിന്റെ ജൈവത തേടിയിറങ്ങി. വെയിലു ചോപ്പിച്ച മുഖങ്ങളിലൊക്കെയും നിർവൃതിയുടെ തിരതള്ളൽ! നെൽത്തണ്ടിന്റെ പച്ചക്കെട്ടുകളെ കുഴഞ്ഞ മണ്ണിന്റെ വയറ്റിലേക്കു വെച്ചു കൊടുക്കുമ്പോൾ ശ്യാമഥീന കരയുന്നുണ്ടായിരുന്നു. അഴപിഴഞ്ഞ ചേറു കൊണ്ട് ഫേസ്ക്രീമുണ്ടാക്കി വെയിലിന്റെ വാട്ടലിനോട് സമരം ചെയ്തു അവർ.
കതിരു വന്നപ്പോൾ കിളികളും പുൽച്ചാടികളും എലികളുമൊക്കെ വന്നു. ആരേയും നോവിക്കാതെ പ്രകൃതിയുടെ നിർദ്ധാരണത്തിനായ് വയലിനെ വിട്ടു കൊടുത്തു.
              സെപ്തംബറിലെ കൊയ്ത്തിനു പോയപ്പോഴാണ് ശ്യാമഥീനയോട് ജഗൻ തന്റെ പ്രണയം പറഞ്ഞത്. കൊയ്തെടുത്ത കതിരുകൾ അടുക്കിവെയ്ക്കുകയായിരുന്നു ശ്യാമഥീന. അതിജൈവീകമായ് എങ്ങനെയാണ് തന്റെ പ്രണയം പറയുകയെന്നോർത്ത് കതിരു കൊയ്യവേ, മൂർച്ചയുള്ള അരിവാൾ ജഗന്റെ ഇടതു കൈയ്യിലെ മാംസം കൂടി അരിഞ്ഞെടുത്തു. കതിരുകളിൽ ചുവപ്പു പടർന്നു. കതിരടുക്കുന്ന അഥീനയ്ക്ക് ചുവന്ന കതിരുകൾ നൽകവേ അവൻ പറഞ്ഞു, “ഈ ചുവന്ന കതിരുകളിൽ എന്റെ സ്വപ്നങ്ങളും ആകുലതകളും പ്രണയവുമുണ്ട് അഥീനാ…..” കതിരു വാങ്ങിയ ശ്യാമഥീനയുടെ വലം കയ്യിലും ചോപ്പു പടർന്നു. ആ ചുവപ്പിൽ ജൈവീകതയുണ്ടായിരുന്നോ എന്നു ജഗന് തീർച്ചയില്ല. പക്ഷേ ശ്യാമഥീനയുടെ കണ്ണൂകളിൽ ആദിമസ്ത്രീയുടെ അതേ വികാരമുണ്ടായിരുന്നു. ഇണയെ കണ്ടെത്തിയ കാട്ടുപെണ്ണിന്റെ നിറവ്…..
              “മണ്ണിട്ടു മൂടിയതിന്റെ ബാക്കി മാലിന്യങ്ങൾ ഭദ്രമായ പെട്ടികളിലും ഡ്രമ്മുകളിലും അടച്ച് വിദേശത്തേയ്ക്ക് കടത്തി.” മുഹമ്മദ് തുടരുകയായിരുന്നു…. “ഹൈടെക് വ്യവസായ ശൈലിയുടെ പുതിയ മുഖം. സാങ്കേതിക വിദ്യയുടെ ബാധ്യത ഉൽപ്പാദകരിൽ നിന്നും ഏറ്റവുമടുത്ത ഉപഭോക്താക്കളിൽ നിന്നും ദൂരേയ്ക്ക് മാറ്റുന്ന നയം….”
ഇത്തരം മാലിന്യപ്പെട്ടികൾ പിന്നീടെങ്ങോട്ടു പോകുന്നു എന്നത് അജ്ഞാതം! കത്തിക്കാനോ ഉപേക്ഷിക്കാനോ സാധിക്കാത്ത വിഷപ്പെട്ടികൾ എവിടെയോ ഒരറ്റത്ത് വെച്ച് അപ്രത്യക്ഷമാവുകയാണത്രേ!
               ”എന്നുവെച്ചാൽ നിയോകൊളോണിയലിസം ഫോർ ഡെപ്പോസിഷൻ. ആന്റ് നോട്ട് ഫോർ മാർക്കെറ്റിങ്….” കൂട്ടത്തിലാരോ അങ്ങനെയൊന്നു പറയുകയുണ്ടായി. രാസമേഘങ്ങളാലും രാസകിരണങ്ങളാലും വേട്ടയാടപ്പെടുന്ന പെൺതിരയുടെ നിലവിളിയുടെ അലകൾ ശ്യാമഥീനയുടെ കണ്ണുകളിലുണ്ടായിരുന്നു, അപ്പോൾ.
                “ജനകീയ സമരം…. വാഴ്വാധാരത്തിന്റെ നിലനിൽപ്പിനായ്…”  ”ജീവൻ ആൺതിരയ്ക്കും പെൺതിരയ്ക്കും….” ജെജെബിയുടെ ധമനികളിലൊന്നാകെ അനിയന്ത്രിതമായ ഊർജ്ജം പകർന്നത് അവളായിരുന്നു….
                കാറ്റിനേക്കാൾ ഒച്ചയിൽ മുദ്രാവാക്യങ്ങൾ ആഞ്ഞുവീശിയിരുന്നു…. അതിനേക്കാൾ ഊക്കിൽ പോലീസുകാരുടെ ലാത്തിക്കാറ്റും വീശി. തല പൊട്ടി ചോര വാർന്നും, അടിയേറ്റു കുഴഞ്ഞു വീണും, വെടിയുണ്ട അരിപ്പയാക്കിയ നെഞ്ചിൻ കൂടുമായ് കടൽ സമരത്തിന്റെ പോരാളികൾ പഴുത്ത മണലിലൂടെ ഇഴഞ്ഞു നീങ്ങി.
                           ”വാഴ്വാധാരത്തെ കൊല്ലരുത്.
                           കടലാണ് ജീവൻ. തിരയാണ് ജീവിതം…
                           ജീവൻ ആൺതിരയ്ക്ക്…
                           ജീവൻ പെൺതിരയ്ക്ക്….
                
               ചതഞ്ഞ ചുണ്ടുകളിൽ നിന്ന് പാതിചത്ത വാക്കുകൾ അപ്പോഴും പുറത്ത് ചാടിക്കൊണ്ടിരുന്നു. മുറിവേറ്റ ശരീരത്തിൽ ഉപ്പുകാറ്റ് തരിതരിപ്പുണ്ടാക്കി. ഒരു വലിയ നിലവിളിയോടെ കടൽ പിന്നോക്കം പാഞ്ഞു.
                               
               ശ്യാമഥീനയുടെ കാലുകളിലൂടെ ചോരക്കട്ടകൾ ഒലിച്ചിറങ്ങി…… ആ ചോരക്കട്ടകളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിലു കേട്ട് കടലോരം ഞെട്ടിത്തരിച്ചു….
              “അഥീനാ…..” പെൺതിരയും ആൺതിരയും ജഗനോടൊപ്പം ആർത്തു കരഞ്ഞു. ദൂരെ, പാറക്കെട്ടുകൾക്കപ്പുറം, പായലുകൾക്കിടയിൽ നിന്ന് ഡ്രാക്കുളപ്പെട്ടികൾ നിഗൂഢമായ് ചിരിച്ചു. സർവ്വശക്തിയുമെടുത്ത് ആൺതിരയും പെൺതിരയും മുന്നോട്ട് പാഞ്ഞു വന്ന് ശ്യാമഥീനയുടെ ശരീരത്തെ പൂവിതൾ പോലെ എടുത്തുയർത്തി, തിരിചു പാഞ്ഞു. കടൽത്തിരകൾക്കു പിറകെ പാഞ്ഞ ജഗനെ പോലീസുകാർ പിടിച്ചമർത്തി, ജീപ്പിലേക്കിട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശവംതീനിപ്പെട്ടികൾ തലയറഞ്ഞു ചിരിക്കുന്ന ദൃശ്യം കണ്ണുനീരിനിടയിലും ജഗൻ കണ്ടിരുന്നു……
               ഉച്ചവെയിലൊഴുകിപ്പരന്ന കടപ്പുറത്ത്, ഒടിഞ്ഞ സമരപ്പന്തലിന്റെ ഇത്തിരി നിഴലിൽ ചുരുണ്ടുകൂടി ജഗനിരുന്നു. ധൃശാൽ എങ്ങോട്ടാണ് പോയത്? പെൺതിരയേയും ആൺതിരയേയും വിധിയ്ക്കു വിടാൻ തീരുമാനിച്ചുവോ? പെൺതിരയ്ക്കും ആൺതിരയ്ക്കും പിറകെ മറ്റൊരു തിര കൂടിയുണ്ടെന്ന് ജഗന് തോന്നി….. ആ തിര മെല്ലെ കടലിൽ നിന്നുയർന്ന് ഒരു മേഘക്കീറായി, മണൽപ്പുറത്തേയ്ക്കു വീണു….. ഉച്ചവെയിലതിനെ ഉരുക്കിയപ്പോൾ, ധൃശാലിനു പിന്നിൽ അലച്ചു വരുന്ന ജനക്കൂട്ടത്തിലേയ്ക്ക് അതൊഴുകി നീങ്ങി. “ജീവൻ പെൺതിരയ്ക്ക്, ജീവൻ ആൺതിരയ്ക്ക്. വിട്ടുതരില്ല, വിട്ടുതരില്ല വാഴ്വാധാരം……” കടൽപ്പരപ്പിനോളം പരന്ന ജനക്കൂട്ടം!
വെള്ളിക്കമ്മലും പവിഴമല്ലി മാലയുമണിഞ്ഞ് ശ്യാമഥീന പൊട്ടിച്ചിരിയ്ക്കാറുള്ളതു പോലെ കടലാകെയൊന്നു ഇളകി മറിഞ്ഞു. ആൺതിര പെൺതിരയെ തൊടണോ, അതോ വേണ്ടയോ?!
   
     -ലിജിഷ.എ.ടി
     5th സെമസ്റ്റർ, സുവോളജി
     എൻ.എസ്.എസ് കോളേജ്
     മഞ്ചേരി

Thursday, 29 March 2012

ഉള്ളിലൊരു പുരുഷപക്ഷം

       ചാർജ്ജു തീർന്ന് പെട്ടെന്നു ഫോൺ ഓഫായപ്പോൾ ഫെയ്സ്ബുക്കിൽ കൂട്ടുകാരോടു കത്തിയടിച്ചിരുന്ന വിവേകിന്റെ തലമണ്ടക്കൊന്നു കൊടുത്ത്, അമ്പരന്നിരിക്കുന്ന അവന്റെ കൈ പിടിച്ച് ഒരു ഡാൻസ് കളിക്കണമെന്നുണ്ടായിരുന്നു അവൾക്ക്. നിങ്ങൾ തോൽക്കാറുണ്ട്, പേടിച്ചു വിറയ്ക്കാറുണ്ട്, പെണ്ണുങ്ങളെപ്പോലെ കരയാറുണ്ട്… പെണ്ണു ശക്തയാണ്, ഏതൊരു പുരുഷനേക്കാളും… എന്നൊക്കെ പ്രസംഗിക്കണമെന്നുണ്ടായിരുന്നു. അതാണവൾ ആർത്തുചിരിച്ചത്. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി വിവേകിന്റെ അടുത്തേയ്ക്കു പോകാനൊരുങ്ങുമ്പോൾ ചാർജറിലിട്ട മൊബൈൽ വീണ്ടും ശബ്ദിച്ചു. ചെറിയൊരു കുറ്റപ്പേറ്റുത്തലോടെയുള്ള ഡോ:നിദാജാസ്മിന്റെ തുടർന്നുള്ള സംസാരം കേട്ടപ്പോൾ ജയിച്ചുവോ തോറ്റുവോ എന്നു തീർച്ചയില്ലാത്ത രണങ്കണത്തിൽ വെറുതെ ആയുധവും കൊൺറ്റു നിൽക്കേണ്ടി വന്നു അവൾക്ക്. പണ്ട് കലിംഗയുദ്ധം കഴിഞ്ഞ് മാനസാന്തരം വന്ന അശോകചക്രവർത്തിയെപ്പോലെ പുതിയ വീക്ഷണകോണിലെ സമത്വസ്വപനസാക്ഷാത്കാരത്തിന്റെ പാരമ്യതയിൽ ചോരതുള്ളികൾ ഇറ്റുവീണു പരക്കുന്ന വെറുമൊരു വെള്ളപാത്രമാവാനായിരുന്നു അവളുടെ വിധി. കെട്ടിവെച്ച മുടി വീണ്ടും അഴിഞ്ഞുലഞ്ഞ്.

                            ഭ്രാന്തൻ സ്വപ്നങ്ങൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതലത്തിൽ സാക്ഷാത്കരിക്കപ്പെട്ട സന്തോഷം വെളുത്ത മുണ്ടിനു പിറകിൽ കണ്ട ചുവന്ന അടയാളങ്ങളിൽ തട്ടി വിസരിക്കുന്നു. ഒരു ചുവന്ന വലിയ മേഘം അപ്പാടെ അടർന്നു വീണു മനസിന്റെ ഭാരം കൂട്ടുന്നു. ചുവന്ന മിണല്പിണരുകൾ കാണാതെ കാണാനാവുന്നു.

                            ഇത്രയും കാലം പുരുഷ്വവിദ്വേഷം പറഞ്ഞു നടന്നിരുന്ന സിയ ഒരൊറ്റ ഫോൺ കോൾ കൊണ്ട് പുരുഷപക്ഷക്കാരിയായി എന്നു പറയാവില്ല. എങ്കിലും അവളുടെയുള്ളിൽ അവൾക്കെതിരെ ഒരു പുരുഷപക്ഷക്കാരി ഉണർന്നിരിക്കുന്നു. പരുക്കൻ ശബ്ദത്തിലുള്ള ആ അപരിചയുടെ താക്കീതിന്റെ കനത്തിൽ അവളുടെ ചിരിയലകൾ ചരഞ്ഞലഞ്ഞു.

                            പലരും സംശയിച്ചേക്കാവുന്ന തരത്തിൽ കുട്ടിക്കാലത്തെ ഒരു പീഡനാനുഭവം കൊണ്ടോ മറ്റോ ആയിരുന്നില്ല അവൾ പുരുഷവിരോധിയായിത്തീർന്നത്. കായികബലം കൊണ്ടു തന്റെ കളിപ്പാട്ടങ്ങൾ തട്ടിയെടുത്ത് വിജയമാഘോഷിച്ചു ആർത്തുചിരിക്കാറുള്ള രണ്ടുവയസിനു മൂത്ത ഏട്ടനോടു തോന്നിയ അമർഷം. അതായിരുന്നു തുടക്കം. ആൺകുഞ്ഞാണെന്ന പരിഗണന നൽകി അച്ഛനുമമ്മയും അവനു നൽകിയ അസൂയാവഹമായ സ്വാത്രന്ത്യത്തിന്റെ കൊതിപ്പിക്കുന്ന വർണ്ണങ്ങൾ.. അവന്റെ പൊട്ടാത്ത പട്ടത്തോടുള്ള രോഷം… പത്തുപതിമൂന്നു വയസുവരെ അവളുടെ പാവാടതുമ്പിന്റെ മൃദുലാളനയേറ്റും പാദസരങ്ങളുടെ കിലുക്കം കേട്ടും ഉണരുകയും ഉറങ്ങുകയും ചെയ്തിരുന്ന കളിക്കളങ്ങൾ ഒരു വേനൽപ്പുരയിൽ എന്നന്നേയ്ക്കുമായ് പിണങ്ങിപ്പോയപ്പോഴുണ്ടായ കരൾനുറുങ്ങുന്ന വേദന. അഞ്ജന തൈലത്തിന്റെ ഗന്ധമുള്ള നീണ്ട മുടി കാവി തേച്ച നിലത്തു പരത്തിയിട്ടു കിടന്നു വാരികകൾ വായിക്കാറുള്ള വീണചേച്ചിയെ സോപ്പിട്ട് കട്ടുവായിക്കുന്ന നോവലുകളിലെ ചതിക്കപപ്പെട്ടും പീഢിതരായും കണ്ണീർകുടിച്ചു ജീവിക്കുന്ന നായികമാരോടു തോന്നിയ സഹതാപം.സ്ക്കൂളിൽ പോകുമ്പോൾ ഓവുപാലത്തിന്റെ മുകളിൽ വരയോന്തുകളെപ്പോലെ തലയും നീട്ടിയിരുന്ന് വില കുറഞ്ഞ തമാശകൾ പറഞ്ഞു കളിയാക്കിച്ചിരിക്കുന്ന വർഗ്ഗത്തിനോടുള്ള ദ്യേഷ്യം. ‘ഓന്തു സംഘം’ എന്നാണാദ്യം അവറ്റയെ വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് ദൂരെ മറഞ്ഞിരുന്ന് ഓന്തുകൾ പൊക്കിളിലെ ചോരയൂറ്റി കുടിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. ഇലപ്പടർപ്പുകളിലും മതിലുകളിലുമൊക്കെ അനങ്ങാതിരുന്ന് അവ തൊണ്ടയനക്കുമ്പോൾ പൊക്കിൾ പൊത്തിപ്പിടിക്കാറുണ്ടായിരുന്നു. ഏതു ഉടുപ്പിട്ടാലും അതിനുമുകളിലൂടെ ചോര കുടിക്കാൻ ഓന്തുകൾക്ക് കഴിയുമെന്നായിരുന്നു വിശ്വാസം. ഇപ്പോൾ ഓന്തുകളുടെ നിഷകളങ്കത മനസ്സിലായെങ്കിലും പൊക്കിളിലെ മാത്രമല്ല, ശരീരത്തിലെ മൊത്തം ചോരയും ഊറ്റിക്കുടിക്കുന്ന തുറിച്ചുനോട്ടക്കാരുടെ കണ്ണുകൾ കാണുമ്പോഴൊക്കെ ആ പഴയ വിശ്വാസമാണ് ഓർമ്മ വരിക. അങ്ങനെയാണവറ്റകൾക്ക് ഓന്തുസംഘം എന്ന പേരിട്ടത്. ഓന്തുകളെപ്പോലും നാണം കെടുത്തുന്ന ആ പേര് പിന്നെ സ്വയം പിൻവലിക്കുകയായിരുന്നു. ഇതൊക്കെ മനസ്സിൽ കിടന്നു നീറീ വലിയൊരു കുന്നായപ്പോൾ, കുന്നും കൊണ്ടു നടന്നു മതിയായപ്പോഴാണ് ഒരു ദിവസം ഓവുപാലത്തിലിരിക്കാറുള്ള പച്ചക്കണ്ണുള്ള നീർക്കോലിച്ചെക്കന്റെ കോളറിനു പിടിച്ച് തോട്ടിലേക്കുന്തിയിട്ടത്. ബസ് സഡൻ ബ്രേക്കിട്ടപ്പോൾ ശരീരത്തിൽ വീണ ഉണ്ടപക്രുവിന്റെ മുഖത്തൊന്നു പൊട്ടിച്ചതോടെ ആവേശം കൂടുകയായിരുന്നു.

                         ക്ലാസ് ലീഡറാവാൻ മത്സരിച്ചതൊക്കെയും ആൺകുട്ടികളുടെ കുറ്റം കണ്ടുപിടിച്ച് അവരെ തല്ലുകൊള്ളിക്കാനായിരുന്നു. പിൽക്കാലത്ത് ഗെറ്റ്ട്ടുഗതറിനെത്തിയപ്പോൾ അസ്ലമിന്റെ ഭാവി നശിപ്പിച്ചത് സിയയാണെന്നെല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ കുറ്റബോധം തോന്നുന്നതിനു പകരം സന്തോഷം തോന്നിയതും അതുകൊണ്ടൊക്കെതന്നെയായിരുന്നു.പത്താംക്ലാസ്സിന്റെ പഠനച്ചൂടിനിടയിലും കറുത്ത ഫ്രൈം കണ്ണടയിട്ട അസ്ലം (Aslam) ഡസ്കിനുമുകളിൽ കറുത്ത മഷിപേനകൊണ്ട് ‘മനസിൽ സൂക്ഷിക്കാൻ നമ്പർ റ്റ്വന്റീ വൺ’ എന്നെഴുതി വെച്ച് അവന്റെ പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മറുത്തൊന്നും പറയാൻ നിൽക്കാതെ നാണമഭിനയിച്ചതും കണ്ണിൽകണ്ണിൽ നോക്കിയിരുന്നതുമൊക്കെ പ്രതികാരം തീർക്കാനുള്ള പുതിയ വഴികളായിരുന്നു. ‘നോട്ടുബുക്ക്’ സിനിമ കണ്ട് ഹരം കയറിയ കൂട്ടുകാർ അവർക്കിടയിൽ മെഴികുതിരി കത്തിച്ചുവെച്ചു അവരുടെ സന്തോഷം പ്രകടിപ്പിച്ചു. ഒടുവിൽ വർഷാവസാനം എല്ലാം നാടകമായിരുന്നെന്ന് സിയ പ്രഖ്യാപിച്ചപ്പോൾ ചെമ്മീനിലെ പരീക്കുട്ടിയെ തോൽപ്പിക്കുംവിധം നിരാശാകാമുകനായ് നടന്ന് അസ്ലം (Aslam) പരീക്ഷയിൽ തോൽക്കുകയും ഉപ്പയുടെ കുരുമുളകു മോഷ്ടിച്ചുവിറ്റു ഒരു രാത്രി നാടുവിടുകയും ചെയ്തു. മുംബൈയിലായിരുന്നെന്നും ഈയിടെ എന്തോ രോഗം വന്നു മരിച്ചൂന്നുമെക്കെ സഹപാഠികൾ പറഞ്ഞതറിഞ്ഞപ്പോൾ ഉള്ളിലെ സന്തോഷം അടക്കിവെച്ച് ‘ഓരോരുത്തരുടെ ദുർവിധി’ എന്നു സഹതപ്പിച്ചുതീർത്തു.

                             കല്ല്യാണം കഴിഞ്ഞാലെങ്കിലും നന്നാവുമെന്നു കരുതിയാണ് അച്ഛനുമമ്മയും കല്ല്യാണാലോചനയുമായ് രംഗത്തെത്തിയത്. സിയയുടെ എതിർപ്പുകൾ വകവെയ്ക്കാതെ ഒടുവിൽ സിയാഉണ്ണികൃഷ്ണൻ സിയവിവേകായി. ഒട്ടേറെ മോഹങ്ങളുമായ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച വിവേകിന്റെ തലയിലേക്ക് ആദ്യരാത്രിയിൽ തന്നെ സിയയുടെ ഭാവിസങ്കല്പങ്ങളുടെ ഭാണ്ഡക്കെട്ടു മറിഞ്ഞുവീണു. മോഹാലസ്യത്തിന്റെ വക്കിൽ നിന്ന് അവൻ രക്ഷപ്പെട്ടത് “ആർ യൂ മാഡ്..?” “ആർ യൂ മാഡ്..?” എന്നു ചോദിച്ചു സ്വയം ഭ്രാന്തനായിക്കൊണ്ടായിരുന്നു.

                            “എന്റെ സ്വപ്നങ്ങളിലെ സ്നേഹവാനായ ഒരു ജീവിത പങ്കാളിയാവാൻ വിവുവിനു കഴിയുമോ? വിവുവിന്റെ ആഗ്രഹം പോലെ നമുക്ക് ഒരു കുഞ്ഞുമതി. ഞാനതിനെ വേദന സഹിച്ചു പ്രസവിക്കാം. വിവു ആ കുഞ്ഞിനെ മുലപ്പാലൂട്ടി വളർത്തണം. മുലയൂട്ടാൻ കഴിയുന്ന ആദ്യത്തെ പുരുഷനാവാൻ വിവു സമ്മതിക്കുമോ?”

                           എട്ടാം ക്ലാസിലെ ബയോളജിയിൽ ഓക്സിടോസിൻ എന്നൊരു ഹോർമോണിനെക്കുറിച്ചു പഠിച്ചതു മുതൽ മനസിൽ ഊറിക്കൂടിയ സ്വകാര്യ സ്വപ്നമായിരുന്നുവത്. അനുരാധ ടീച്ചർ പോലും അന്നു അവളെ കളിയാക്കിചിരിച്ചു. “നീ വല്ല്യ ഡോക്ടറായിട്ട് ഒന്നു പരീക്ഷിച്ചു നോക്കൂ സിയ..” ടീച്ചർക്കു ചിരിച്ചു ചിരിച്ചു വയറുവേദനയെടുത്തു. അന്നു മുതൽ ഡോക്ടറാവാൻ ആഗ്രഹിച്ചിരുന്നെങ്കിലും എൻഡ്രൻസെഴുതി കിട്ടിയില്ല. 1252-ആം റാങ്കുള്ള സിയയ്ക്ക് ഗവണ്മെന്റ് കോളേജിൽ അശ്മിഷൻ കിട്ടിയില്ല. റിപ്പീറ്റിനു പോവാൻ പണമില്ലാത്തതുകൊണ്ടും ഒരു ഭാഗ്യപരീക്ഷ്ണം നടത്താനുള്ള ധൈര്യമില്ലാത്തത് കൊണ്ടും ലോകത്തിനു ഒരു വലിയ ഡോക്ടറെ നഷ്ടപ്പെട്ടു. 5372-റാങ്കുണ്ടായിരുന്ന കൂട്ടുകാരി നിദാജാസ്മിൻ സ്വാശ്രയ കോളേജിൽ ചേർന്ന് ഡോക്ടർ കുപ്പായമിട്ടപ്പോൾ മുതൽ വീണ്ടും ആ സ്വപ്നം പൊടിതട്ടിയെഴുന്നേറ്റിരിക്കുകയാണ്.

                               കല്ല്യാണം ആദ്യം വെറുപ്പാണുണ്ടാക്കിയതെങ്കിലും വിവേകിന്റെ നിഷ്കളങ്കമായ ചിരിയിൽ ഒരമ്മയുടെ വത്സല്യമുണ്ടെന്നു തോന്നി. സ്പെസിമൻ സ്വന്തം ജീവിതത്തിൽ നിന്നാകാമെന്നു വിചാരിച്ചപ്പോഴാണ് കല്ല്യാണം കൊണ്ടുള്ള ഗുണം മനസ്സിലായത്.

                                     മുല്ലപ്പൂക്കളുടെ മണം അന്നാദ്യമായി അസഹ്യമായ് തോന്നി വിവേകിന്. സിയ ഉടുത്ത നീലസാരിയോടു മാച്ചുചെയ്യുന്ന ജനൽ കർട്ടനുകൾ അവനെ പേടിപ്പിച്ചു. ഒരു മഴക്കാറ്റിന്റെ ഹുങ്കാരശബ്ദം അവന്റെ ധമനികളെ മരവിപ്പിച്ചു. ചില്ലുജാലകത്തിന്റെ തുറന്നപാളികൾക്കുള്ളിലൂടെ പാഞ്ഞുവന്ന കാറ്റിൽ സിയയുടെ മുടിഴിയകൾ ആയിരം പാമ്പുകളെപ്പോലെ ഫണമുയർത്തി. അവളുടെ ചുവന്ന ചുണ്ടുകൾക്കിടയിലൂടെ രണ്ടു ദംഷ്ട്രകൾ വളർന്നു വരുന്നതായ് അവനു തോന്നി. അവന്റെ സങ്കൽപങ്ങളെ തൂത്തെടുത്തുകൊണ്ടു കാറ്റു പിൻ വാങ്ങുമ്പോൾ അവന്റെ കണ്ണുകളിലേക്ക് ഇരുട്ട് അട്ടകളെപ്പോലെ നുഴഞ്ഞു കയറി.

                                           വിവുവിന്റെ കണ്ണുകളിൽ സിയ ഭ്രാന്തിയായി. യക്ഷിയായി. വീടു നോക്കാനറിയാത്ത, പൂമുഖവാതിൽക്കൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും ആവാനാവാത്തവളായി. എന്നിട്ടും സിയയുടെ കണ്ണുകളിലെ വശീകരണപ്രകാശത്തിൽ നിന്നും  വഴിതെറ്റി സഞ്ചരിക്കാൻ അവനായില്ല.പുരുഷവർഗ്ഗത്തോടുള്ള പ്രതികാരം തീർക്കാൻ വിചിത്രമായ സ്വപ്നങ്ങൾ കണ്ടു നടക്കുന്ന അവൾക്കു പിറകെ ഒരു കനം കുറഞ്ഞ മേഘമായ് സഞ്ചരിക്കാൻ മാത്രമേ അവനു കഴിഞ്ഞുള്ളൂ. ഒരിക്കലവൻ തെന്നെ തണുപ്പികുമെന്നും ആ തണുപ്പിൽ ഒരു മഴയായ് പെയ്തിറങ്ങി പുതു സ്വപ്നങ്ങളുടെ വിത്തിയാമെന്നും അവൻ ആശ്വസിക്കാൻ ശ്രമിച്ചു.

                                     എന്നിട്ടും ‘ആർ യൂ മാഡ്” എന്നു ചോദിക്കാതിരിക്കാൻ പലപ്പോഴും അവനായില്ല. ആർ യൂ മാഡ് എന്ന് ചോദിച്ച് സ്വയം മണ്ടനാവാനായിരുന്നു അവന്റെ വിധി. പാൽ ചുരത്തുന്ന പുരുഷനേയും പ്രസവ വേദനയിൽ നിലവിളിക്കുന്നവനേയുമൊക്കെ സ്വപ്നം കണ്ടത് സിയയായിരുന്നെങ്കിൽ  ഞെട്ടിയുണർന്നതും നിലവിളിച്ചതുമൊക്കെ വിവേകായിരുന്നു. പത്രത്താളികളിലേ വളപ്പൊട്ടുകളും ചോരത്തുള്ളികളും കീറിപ്പറഞ്ഞ വസ്ത്രങ്ങളുമൊക്കെ അവനെ ഭ്രാന്തു പിടിപ്പിച്ചു. പ്ത്രം വലിച്ചുകീറി കാറ്റിൽ പറത്തി സ്വന്തം തലമുടി പിച്ചിപ്പറിച്ച് അവൻ ആർത്തു കരഞ്ഞു. സിയയുടെ മനസ്സിൽ വീഴുന്ന ഓരോ ഭാരമേറിയ കല്ലുകളും ഓളങ്ങളുണ്ടാക്കി തീരം തകർത്ത് ആഞ്ഞടിച്ചത് അവന്റെ മനസ്സിലായിരുന്നു. സിയയുടെയുള്ളിൽ  കാലങ്ങളആയ് ഉതിർന്നു വീണു മരവിച്ചു തണുത്ത വിജനമായ ഹിമ പർവ്വതങ്ങൾ ഉരുകിയൊലിച്ച് പ്രളയം തീർത്തത് അവനിലായിരുന്നു.

                                      “രോഗം സിയയ്ക്കാണ്. ലക്ഷണം ഇവനും. ചികിത്സിക്കേണ്ടത് ഇവളെയാണ്. ഇവൻ നോർമ്മലാകും” കടങ്കഥയ്ക്കുത്തരം പറയാൻ നിൽക്കാതെ മറ്റൊരു സൈക്യാട്രിസ്റ്റിനെക്കൂടി പരിചയപ്പെടുത്തി തരാൻ പറയാനാണ് ഡോ. നിദാജാസ്മിനെ കാണാൻ വീണ്ടും ചെന്നത്.

                                  “ഇനിയും മാറിയില്ലേ നിന്റെ പുരുഷവിരോധം?” എന്നത്തേയും പോലെ അന്നും അവൾ കളിയാക്കി. “കല്ല്യാണം കഴിഞ്ഞാലെങ്കിലും നീ നന്നാവുംന്ന് കരുതിയ ഞങ്ങൾ ഫൂൾസ്. ഇതിപ്പൊ കൂടുകയാണല്ലോ മോളേ..” ക്ക്ലിനിക്കിൽ തിരക്കു കുറവായിരുന്നു.”ശാസ്ത്രം പുരോഗമിക്കുകയല്ലേ. കുറേക്കാലം കഴിയുമ്പൊ നീ പറയും പോലെ പാൽ ചുരത്തുന്ന പുരുഷനും ഉണ്ടായിക്കൂടെന്നില്ല. പ്ക്ഷേ ഓക്സിടോസിൻ  കുത്തിവെച്ചോണ്ടൊന്നും നീ പറയും പോലെ നടക്കില്ല. പാവം വിവേക്. നിനക്കു വേണ്ടി അവനെത്രമാത്രം അഡ്ജസ്റ്റ് ചെയ്യുന്നു. വീട്ടുജോലികളിൽ  സഹായിക്കാറില്ലേ.. നിനക്കുവേണ്ടി അവന്റെ കമ്പനിയിൽ ജോലി ശരിയാക്കാൻ നോക്കുന്നില്ലേ.. വീട്ടിൽ ചടഞ്ഞിരിക്കാതെ നീ ജോലിയ്ക്കു പോകൂ.. ഇല്ലേൽ ഒരു പി.എച്ച്.ഡിയെടുക്ക്. വിഷയം ഇതുതന്നെയായിക്കോട്ടേ. നിന്റെ വേണ്ടാത്തരങ്ങളൊക്കെ മാറും. അവനും സുഖമാകും..”

                                  അവൾക്കു തലപെരുക്കുന്നതായ് തോന്നി. ശത്രുവിനു വേണ്ടിയുള്ള വാദം എത്രനേരം സഹിച്ചിരിക്കും? വിവുവിനെക്കുറിച്ച് പറഞ്ഞതൊക്കെ ശരിതന്നെ. എങ്കിലും എപ്പോഴും എവിടെയും സഹതാപവും അഭിനന്ദനവും സ്വാതന്ത്ര്യവും മാത്രം ലഭിക്കുന്ന വർഗത്തെക്കുറിച്ച് കേട്ടിരിക്കുന്നത് ശരിയല്ലല്ലോ. അവൾ പ്രതികരിക്കാൻ തുടങ്ങുകായിരുന്നു. പെട്ടെന്നാണു ഡോർ തള്ളിത്തുറന്ന് അയാൾ വന്നത്. മുണ്ടും ഷർട്ടുമൊക്കെ വേഷമെങ്കിലും മീശയും താടിയുമില്ലാത്ത മുഖവും ദയനീയമായ കണ്ണുകളും ഒരു മുയൽക്കുഞ്ഞിനെയാണോർമ്മിപ്പിച്ചത്.

“ഗോപൻ എന്തു പറ്റി?” നിദ പെട്ടെന്നെഴുന്നേറ്റു. “വയ്യ ഡോക്റ്റർ..വയ്യ..സഹിക്കാൻ വയ്യ..” പത്തിരുപത്തെട്ടു വയസ്സു തോന്നിക്കുന്ന ആ ചെറുപ്പക്കാരൻ വയർ പൊത്തിപ്പിടിച്ചുകൊണ്ടു നിലവിളിച്ചു.

“അവിടെ ബെഡിൽ കിടക്കൂ ഗോപൻ. ജസ്റ്റ് വൺ മിനുട്ട്. സിയാ..നീ ഇപ്പോൾ പോ..നമുക്കു രാത്രി കാണാം..” ബെഡിനടുത്തേയ്ക്കു പുറം തിരിഞ്ഞുപോയ ആ ചെറുപ്പക്കാരന്റെ പിൻ വശത്ത്, വെളുത്ത മുണ്ടിൽ ചോരക്കറ പുരണ്ടിരുന്നു. ഗൈനക്കോളജിസ്റ്റിനെ കാണാൻ വന്ന ചെറുപ്പക്കാരന്റെ മുണ്ടിനുപിന്നിലെ ചുവന്ന അടയാളങ്ങളുടെ ദുരൂഹതയോർത്താണ് ക്ലിനിക്കിന്റെ പടിയിറങ്ങിയത്.

                              രാത്രി കാണാൻ പറ്റിയില്ലെങ്കിലും ഡോ.നിദ ഫോൺ വിളിച്ചു. സംസാരൊച്ചു തുടങ്ങിയപ്പോഴേക്കും ചാർജ്ജു തീർന്നു ഫോൺ സ്വിച്ച് ഓഫായി. അപ്പോഴാണവൾക്കു സ്ത്രീവർഗ്ഗം എന്നന്നേയ്ക്കുമായ് ജയിച്ചുവെന്നു തോന്നിയത്. സ്വപ്നം സഫലമായെന്നു തോന്നിയത്. ഹെലനും ക്ലിയോപാട്രയും ഹൈപേഷ്യയുമെല്ലാം വിജയത്തിന്റെ ആർപ്പുവിളികളുമായ് സെറിബ്രത്തിന്റെ ചുരുളുകൾക്കുള്ളിൽ ചിരിക്കണമെന്നു തോന്നിയത്.

                                 പക്ഷേ വീണ്ടും അവളുടെ കോൾ വന്നപ്പോൾ ചക്രവ്യൂഹത്തിലകപ്പെട്ട പോലെയായ്. കരുതിയതൊന്നും തെറ്റാണെന്നു തോന്നുന്നേയില്ല. പക്ഷേ എവിടെയോ അല്പം ദിശ തെറ്റിയെന്നു മാത്രം. നിദാജാസ്മിന്റെ കുറ്റപ്പെടുത്തലുകളും ചോരക്കറ പുരണ്ട വെളുത്ത മുണ്ടും അവളുടെ മനോവീചികളിൽ കൊടുങ്കാറ്റിന്റെ ശക്തി പടർത്തി.

                                    ഇപ്പോൾ വിവേക് അസ്വസ്ഥനായിക്കാണും. തലമുടി പിച്ചിപ്പറിക്കാൻ തുടങ്ങിയിട്ടുണ്ടാകും. കമ്പ്യൂട്ടർ ഓഫാക്കാതെ എഴുന്നേറ്റു ടെറസിലേക്കോടിയിട്ടുണ്ടാവും.. അവളുടെ കണ്ണു നിറഞ്ഞു. പ്രണയം നിറഞ്ഞ അവന്റെ മിഴികളും റോസാപ്പൂവിന്റെ മൃദുലത്യുള്ള അവന്റെ കൈകളുമോർമ്മ വന്നു.

                                     “ഒരു തെർമോഡൈനാമിക്സാണു ജീവിതം. ചൂടും തണുപ്പും സന്തുലിതമാകും വരെ അവ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും. അതുപോലെ നീയും ഞാനും തുല്ല്യമാകുമ്പോഴല്ലേ നമ്മൾ നമ്മളാകുന്നത്..?” മൂടൽമഞ്ഞിനുള്ളിലെ മിന്നാമിനുങ്ങു പോലെ അന്നവയുടെ തിളക്കം കാണാനായില്ല. ചുവന്ന മേഘങ്ങൾ ചോരമഴ വർഷിച്ചപ്പോൾ വെള്ളമഞ്ഞു കലങ്ങിയൊഴുകിയപ്പോലെഴാണു അവയെ കാണാനാവുന്നത്.

                                           അവളുടെ സ്വപ്നം പോലെ പാൽചുരത്തുന്ന പുരുഷനായിരുന്നില്ല ഗോപൻ. “തന്റെ ആൺശരീരം തന്നെ വഞ്ചിച്ചൂ എന്നറിയാതെ ഓരോ മാസവും ഇതു നിൽക്കുമെന്നു കരുതി മരുന്നു കഴിച്ചു നിരാശനായ് അവൻ വരുമ്പോൾ, പട്ടിണി കിടന്നു മെലിഞ്ഞ അവന്റെ ദേഹം കാണുമ്പോൾ, കത്തിക്കീറുന്ന വേദനയുമായ് ഇതൊന്നവസാനിപ്പിക്കാൻ ഒരു മാർഗവുമില്ലേയെന്നവൻ നിലവിളിക്കുമ്പോൾ എനിക്കു മനസിലാകും സിയാ.. ആ വേദന…”

സിയയുടെ ചിരിയലകൾക്കു മേൽ തീവാരിയെറിഞ്ഞുകൊണ്ട് നിദാജാസ്മിന്റെ വാക്കുകൾ ആളിക്കത്തുകയാണ്.

“ഗോപാലൻ ഇനി പെണ്ണാവുകയാണ്. നിന്റെ സ്വപ്നം ഒരു തരത്തിലെങ്കിൽ മറ്റൊരു തരത്തിൽ സഫലമാവാൻ പോവുകയാണ്. നീ സന്തോഷിക്കൂ സിയാ.. നീ ആഗ്രഹിക്കുന്നവരുടെ ലോകം നിനക്കുചുറ്റുമുണ്ട്. നീ കാണുന്നില്ല. എവിടെയാണ് തെറ്റു പറ്റിയതെന്നു സ്വയം ചിന്തിക്കൂ. സ്വയം ചികിത്സിക്കൂ..ഗുഡ്നൈറ്റ്.”

                                    സിയയ്ക്കുള്ളിൽ അവൾക്കെതിരെ തന്നെ ഒരു പടയൊരുക്കത്തിന്റെ ശംഖൊലി അവൾ കേട്ടൂ. പരുക്കൻ ശബ്ദത്തിൽ അവൾക്കെതിരെ ഉയരുന്ന സ്വരം അവൾ തിരിച്ചറിഞ്ഞു. വിരോധം തോന്നിയില്ല. ഈ സമയം വിവേകിന്റെയുള്ളിൽ ഒരു പെൺപക്ഷക്കാരി ഉണർന്നിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു. ഇപ്പോൾ സിയയ്ക്കു പറയാമെന്നു തോന്നുന്നു, ആരാണു ജയിക്കുന്നത്, ആരാണു തോൽക്കുന്നതെന്ന്…